Sunday, 24 June 2007

1999-ലെ ഒരു രാത്രി

പതിവിലും നെരത്തെയാണ്‌ അന്നു ഞാന്‍ ഉറങ്ങാന്‍ കിടന്നത്‌. നിങ്ങളു വിചാരിച്ചുകാണും എനിക്കു ഉറക്കം വന്നിട്ടായിരിക്കുമെന്ന്‌. ഛെ!! ഞാന്‍ ആ ടൈപ്പൊന്നുമല്ല കേട്ടൊ! 12 മണി കഴിയാതെ ഉറങ്ങുന്നത്‌ ആണുങ്ങള്‍ക്കു ചേര്‍ന്നതാണൊ? അപ്പൊള്‍ പിന്നെ ഇന്ന്‌ 9 മണിയാകുമ്പോഴേക്കും ഉറങ്ങന്‍ കിടന്നതൊ?

അതിനു കാരണമുണ്ട്‌!

എന്റെ വീട്ടിലെ ചില കീഴ്‌വഴക്കങ്ങള്‍ അങ്ങിനെയാണ്‌. ജ്യേഷ്ടന്മാര്‍ കുടുംബസമേതം (ഭാര്യയും കുട്ടികളും) വീട്ടില്‍ വന്നാല്‍ നമ്മളെ ഉമ്മറത്തേക്ക്‌ "ഗെറ്റ്‌ ഔട്ട്‌" അടിക്കും. വീട്ടിലെ മുറികളുടെ എണ്ണത്തിലുള്ള കുറവും ജ്യേഷ്ടന്മാരുടെ എണ്ണത്തിലുള്ള കൂടുതലും ആണു കാരണം! പിന്നെ നേരത്തെ ഉറക്കത്തിലേക്കു ഡൈവ്‌ ചെയ്യാന്‍ സോളിഡായ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്‌.എന്തായാലും ഉമ്മറത്തേക്കു പോന്നു, പക്ഷെ രാത്രി ഒറ്റക്ക്‌ കിടന്നുറങ്ങേണ്ടേ? ഈ ശങ്ക പേടികൊണ്ടൊന്നുമല്ല കേട്ടൊ! എന്തൊ യക്ഷി, പ്രേതം എന്നൊക്കെ വിചാരിക്കുമ്പോള്‍ തന്നെ എന്റെ ഉള്ളില്‍ നിന്ന്‌ ഇലഞ്ഞിത്തറ മേളത്തില്‍ പെരുക്കം നടക്കുന്ന ഒരു ഫീലിങ്ങ്‌!. പൊതുവെ ഞാന്‍ ഒരു ധൈര്യശാലിയണെന്നാണു എല്ലാവരുടെയും ധാരണ! ആ ധാരണക്കു കോട്ടം തട്ടാതെ എങ്ങനെയാ എന്റെ ഭഗവതീ ഇന്നു രാത്രി കഴിച്ചിലാകുക? ഇങ്ങനെ അഗാധമായ ചിന്തയിലാണ്ട്‌ ഇരിക്കുമ്പോഴാണ്‌ എനിക്കൊരൊ ഐഡിയ തോന്നിയത്‌. രാത്രി എന്തെങ്കിലും കാരണം പറഞ്ഞ്‌ രഞ്ജുവിന്റെ(എന്റെ കൂട്ടുകാരന്‍) വീട്ടിലെക്കു പോകാം,അങ്ങിനെ മാനഹാനിയില്‍ നിന്ന്‌ രക്ഷപ്പെടാം കൂടെ സമാധാനമായി കിടന്നുറങ്ങാം. ബെസ്റ്റ്‌! എന്റെ ബുദ്ധിയൊട്‌ എനിക്കുതന്നെ അഭിമാനം തോന്നി! അങ്ങിനെ ഹാപ്പിയായി ഇരിക്കുമ്പോഴാണ്‌, എന്നോട്‌ അനുഭാവമുള്ള എന്റെ വീട്ടിലെ ഒരെ ഒരു വ്യക്തി എന്റെ മൂത്ത ജ്യെഷ്ടന്റെ മകള്‍ വന്ന്‌ ഞെട്ടിപ്പിക്കുന്ന ആ വിവരം എന്നെ അറിയിച്ചത്‌!"പാപ്പാ(ചെറിയചഛന്‍) ഇന്നുരാത്രി മുങ്ങേണ്ടാട്ടാ!! പാപ്പന്‍ രാത്രി സിനിമക്കു പോകുന്നുണ്ടെന്നും, ചില ദിവസങ്ങളില്‍ പാപ്പന്റെ മുറിയില്‍ നിന്നും കള്ളിന്റെ മണം വരുന്നുണ്ടെന്നും ആരോ അച്ഛ്നൊടു പറഞ്ഞുകൊടുത്തിട്ടുണ്ട്‌"!! പിന്നെ അവള്‍ പറയാതെ തന്നെ ബാക്കി കാര്യങ്ങള്‍ ഞാന്‍ ഊഹിച്ചെടുത്തു, ഇനി ഞാന്‍ രഞ്ജുവിന്റെ വീട്ടിലേക്ക്‌ പോകട്ടെ എന്നു ചൊദിച്ചാലുള്ള എന്റെ അവസ്ഥ "ലോക്കല്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്ന കളവു കേസിലെ പ്രതിയുടെതാകും" കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും!! എന്റെ ജ്യേഷ്ടന്മാരല്ലെ? എനിക്കല്ലെ അറിയൂ? ഇനി എന്താ ഒരു വഴി? കള്ളു കുടിക്കുന്ന കാര്യം ഏത്‌ സാമദ്രോഹി ആണു ജ്യെഷ്ടനെ അറിയിച്ചത്‌? ഇങ്ങനെ എന്നൊടുതന്നെ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു!!

എന്തായാലും ഇനി ആലോചിച്ച്‌ നേരം കളഞ്ഞിട്ടു കാര്യമില്ല!!അങ്ങിനെ ഞാന്‍ ഉറങ്ങാന്‍ കിടന്നു.... ചേട്ടാ!! ആരെങ്കിലും എന്നെ വിളിച്ചോ? അറിയില്ല!! എന്തായാലും ഞാന്‍ ഉറക്കത്തില്‍ നിന്നും എണീറ്റു. വെറുതെ സിമ്പിളായി എണീറ്റതൊന്നുമല്ല കേട്ടൊ!! സാമാന്യം ബീകരമായി തന്നെ ഞെട്ടി എണീറ്റു! വല്ല യക്ഷിയോ മറ്റോ ആണെങ്കില്‍, വെറുതേ എന്തിനാ അവരുടെ ബീകരമായ മുഖവും, പുറത്തേക്കു തള്ളിനില്‍ക്കുന്ന വെളുതുള്ളി പോലത്തെ പല്ലും കണ്ടു ടെന്‍ഷനടിക്കുന്നത്‌ എന്നു കരുതി ഞാന്‍ കുറച്ചു നേരം കണ്ണടച്ചു തന്നെ കിടന്നു. അപ്പോഴാണു എനിക്കൊരു ഡൗട്ട്‌ ഇനി വല്ല 'സുന്ദരി യക്ഷി' ആകുമൊ? ഇന്ദ്രിയത്തിലെ വാണീ വിശ്വനാഥിനെ പൊലെ! ഇനി മരിക്കുകയാണെങ്കില്‍ ആ തിരുമുഖം കണ്ടിട്ടു തന്നെ മരിക്കാം!! അതല്ല ഈ സാമാന്യം ആരൊഗ്യമുള്ള ശരീരത്തില്‍ നിന്ന്‌ 500 മില്ലിയോ 1 ലിറ്ററോ ചോര കുടിച്ച്‌ നമ്മുടെ യക്ഷിചേചി സാറ്റിസ്ഫൈ ആയി തിരിച്ചു പൊകാനും ചാന്‍സുണ്ട്‌!! "പൊന്മുട്ടയിടുന്ന താറാവിനെ ആരും കൊല്ലാറില്ലല്ലോ". മനുഷ്യ കുലത്തില്‍ പിറന്നു യക്ഷിയായതാണെങ്കില്‍ നാളേക്കു ഒരു നീക്കിയിരിപ്പ്‌ കരുതാതിരിക്കില്ല. അതല്ല ഡയറക്റ്റ്‌ യക്ഷിയായതാണെങ്കില്‍ എന്റെ കാര്യം കട്ടപ്പൊക!!ഏന്തായാലും എന്നില്‍ അവശേഷിക്കുന്ന ധൈര്യം അടിച്ച്കൂട്ടി കാവിലെ ഭഗവതികളെ ഒക്കെ വിളിച്ച്‌ ഞാന്‍ കണ്ണുതുറന്നു!! അപ്പോള്‍ ഞാന്‍ കണ്ട കാഴ്ച!! നീണ്ടു കിടക്കുന്ന നാവും, കൂര്‍ത്ത്‌ പുറത്തേക്കു തള്ളിനില്‍ക്കുന്ന രണ്ടു പല്ലുകളും!!

എന്റമ്മേ!! എന്നു ഉറക്കെ നിലവിളിച്ച്‌ കരയണം എന്നുണ്ടായിരുന്നു എനിക്ക്‌ പക്ഷേ എന്തു ചെയ്യാന്‍ ശബ്ദം പുറത്തു വരെണ്ടെ? കുറച്ചു നേരത്തേക്ക്‌ തലച്ചോറിനുള്ളിലെ മെയിന്‍ സ്വിച്ച്‌ ആരൊ ഓഫാക്കിയ പോലെ! ഒരു അന്ധകാരം!! കുറച്ചു നേരം കഴിഞ്ഞ്‌ കണ്ണിലെ ബള്‍ബ്‌ കത്തിയപ്പോഴാണ്‌ നീണ്ടു കിടക്കുന്ന നാവും, കൂര്‍ത്ത്‌ പുറത്തേക്കു തള്ളിനില്‍ക്കുന്ന രണ്ടു പല്ലുകളുടെയും ഉടമ ജിലുവേട്ടന്റെ വീട്ടിലെ നായക്കുട്ടി "പപ്പി" ആണെന്നു മനസ്സിലായത്‌!! ഇതുവരേയും ചന്ദ്രന്‍ സാര്‍ ഡ്യൂട്ടിക്കു എത്തിയിട്ടില്ല!. ഇന്ദേട്ട്നാണെങ്കില്‍ ബ്രൈറ്റ്‌ ലൈറ്റിന്റെ ടോര്‍ച്ചുമെടുത്ത്‌ ഭൂമിയില്‍ വല്ല അതിക്രമവും നടക്കുന്നുണ്ടോ എന്നറിയാന്‍ ഇടക്കിടക്ക്‌ ഒന്ന്‌ മിന്നിച്ചു നോക്കുന്നുണ്ട്‌!. ഉഷാ ഫാനിന്റെ പരസ്യം പൊലെ ഒരു ചെറിയ തണുത്ത കാറ്റും അടിക്കുന്നുണ്ട്‌!. ഇങ്ങനെയൂള്ള ഈ രാത്രിയില്‍, പാറാവ്‌ പണിയുള്ള നമ്മുടെ പപ്പി! പണിയൊടുള്ള ആത്മാര്‍ഥത കൊണ്ട്‌! സ്വന്ത്ം വീട്ടില്‍ കള്ളന്‍ മാരൊന്നുമില്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷം, അയല്‍ വാസിയായ എന്റ വീട്ടിലെങ്ങാനും കള്ളന്‍ കയറിയാലോ എന്നു കരുതുകയും മതില്‍ ചാടി വന്ന്‌ വീടിനു ചുറ്റും ഒന്നു റോന്ത്‌ ചുറ്റുകയും ചെയ്യുന്നതിന്‌ ഇടക്കാണ്‌. കടത്തിണ്ണയില്‍ കിടക്കുന്ന അഭയാര്‍ത്തിയെ പോലെ കിടക്കുന്ന എന്നെ കാണുന്നത്‌! ഇന്നുച്ചക്ക്‌ എനിക്ക്‌ എല്ലിന്‍ കഷണം തന്ന ചേട്ടനല്ലേ ഈ കിടക്കുന്നത്‌? പാവം!! എന്നു കരുതുകയും. തന്റേയും ഈ ചേട്ടന്റെയും അവസ്ഥയില്‍ വലിയ വ്യത്യാസമില്ലെന്നും മനസ്സിലായ പപ്പി! വര്‍ഗ്ഗ സ്നേഹം കൊണ്ട്‌! എന്നെ പുറത്ത്‌ കിടത്തിയ ബൂര്‍ഷാ മുതലാളികളായ എന്റെ അച്ഛനേയും, അമ്മയെയും, ജ്യേഷ്ടന്മാരെയും അധിക്ഷേപിക്കുന്ന സ്വരത്തില്‍ ഭൗ!! ഭൗ!! എന്നു കുരക്കുകയും എന്നോട്‌ ഒരു ലാല്‍ സലാം പോലും പറയതെ എന്റെ കിടക്കയിലെക്കു സ്കൂട്ടാകുകയുമാണു ഉണ്ടായത്‌!! രാത്രി സില്‍ക്‌ സ്മിതയെ സ്വപ്നം കണ്ടു കിടന്ന ഞാന്‍ ഈ സംഭവവികാസങ്ങള്‍ എങ്ങിനെ അറിയാന്‍?

പപ്പിയെ, മൈ പപ്പി! മൈ പപ്പി! എന്നു സ്നേഹത്തോടെ വിളിച്ച്‌, മുറ്റത്തേക്ക്‌ കൊണ്ട്പോയി, പുറം കാല്‍കൊണ്ട്‌ രണ്ട്‌ അടിയും കൊടുത്ത്‌ വിട്ടപ്പോഴാണ്‌ ഒരു നഷ്ടബോധം! നായയെങ്കില്‍ നായ! ഒരു കൂട്ടായിരുന്നേനെ! ഛെ!

ഇന്‍ ചെയ്ത ഷര്‍ട്ടും, റേബെന്‍ന്റെ സണ്‍ ഗ്ലാസും വെച്ച്‌, കയ്യിലൊരു പെട്ടിയുമായി എയര്‍ ഇന്ത്യ ഫ്ലൈറ്റിന്റെ അവസാനത്തെ പടിയില്‍ കാലു വെച്ചപ്പോഴാണ്‌ ഒരു കൗ!! ശബ്ദം കേട്ട്‌ ഞാന്‍ വീണ്ടും ഞാന്‍ ഞെട്ടി ഉണര്‍ന്നത്‌!! നോക്കിയപ്പോള്‍, കമ്പനിയില്‍ നിന്ന്‌ പിരിച്ചുവിട്ട തൊഴിലാളി ഗേറ്റില്‍ നിന്നു മുദ്രാവാക്യം വിളിക്കുന്ന പോലെ നമ്മുടെ പപ്പിയും കൂടെ മുദ്രാവാക്യം വിളിക്കുന്ന സഖാക്കളേപോലെ എവിടുന്നോ കുറേ നായകളും!! കൂക്കിവ്ലിയൊട്‌ കൂക്കിവിളി! (നമ്മുടെ നാട്ടില്‍ ഇതിനെ 'ഓരിയിടല്‍' എന്നു പറയും)

എന്റെ പ്രിയ്യപ്പെട്ട പപ്പി!! എന്റെ ദുഫായ്‌ സ്വപ്നങ്ങളെ ഇങ്ങനെ തച്ചുടക്കാന്‍ മാത്രം എന്ത്‌ തെറ്റാണു ഞാന്‍ നിന്നൊട്‌ ചൈതത്‌?

വീട്ടില്‍ ചിക്കന്‍ കറി വെക്കുമ്പോള്‍ എനിക്കു കിട്ടുന്ന ഓഹരിയില്‍, ഉരുളകിഴ്‌ങ്ങ്‌ കഴിഞ്ഞാല്‍ ബാക്കി വരുന്ന ഒന്നോ രണ്ടോ ചിക്കന്‍ കഷണത്തിന്റെ എല്ലില്‍ മാംസത്തിന്റെ ഒരു അംശം പൊലുമില്ലെന്ന്‌ ഉറപ്പുവരുത്താന്‍ അച്ഛന്റെ കണ്ണട വാങ്ങിവെച്ചു നോക്കി, അത്‌ ഒരു പരമാര്‍ഥമാണെന്നു മനസ്സിലായതിനുശേഷം നിനക്കിട്ടുതരുന്നതാണോ ഞാന്‍ ചൈത തെറ്റ്‌?ഇങ്ങനെയൊക്കെ പപ്പിയുമായി പരിഭവിച്ചിരിക്കുന്നതിനിടെക്കാണ്‍്‌ കുറച്ച്‌ ദൂരത്തുനിന്നും, ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ ഷാജുവേട്ട്ന്റെ വീടിനു അടുത്‌ നിന്നായി, ആരോ പാദസരം ഇട്ട്‌ നടന്നു വരുന്നത്‌ പൊലെ ഒരു ശബ്ദം!! ചില്‍!! ചില്‍!!.... ചില്‍!! ചില്‍!! ഈ താളത്തിനു അടിത്താളമായി പപ്പിയുടെയും കൂട്ടരുടെയും വക ഓരിയിടലും!! മനുഷ്യന്‍ പേടിക്കാന്‍ വല്ലേടത്തും പോണൊ? ഇത്‌ യക്ഷി തന്നെ, ഞാന്‍ ഉറപ്പിച്ചു. അല്ലാതെ ആരാണ്‌ ഈ പാതിരാത്രിയില്‍ പാദസരം ഇട്ട്‌ വരാന്‍. അതും രാത്രി ഒരു പെണ്ണ് പൊയിട്ട്‌ പെണ്ണിന്റെ നിഴലുകണ്ടാല്‍ പോലും റേപ്പ്‌ ചെയ്യപ്പെടുന്ന നമ്മുടെ നാട്ടില്‍!കാലിന്നടിയില്‍നിന്നും ശിരസ്സുവരെ ഒരു തരിപ്പ്‌ കേറി. പിന്നെ മൂളിപ്പാട്ടായി പോലും ഭക്തി ഗാനം പാടാത്ത ഞാന്‍ ഈ രാത്രിയുടെ ഏതോ യാമത്തില്‍ "ഹരിവരാസനം" പാടി!! ഇത്തരം ക്രിറ്റിക്കല്‍ സിറ്റുവേഷനില്‍ നമുക്ക്‌ പെട്ടന്ന് ഓര്‍മ്മ വരുന്ന ദൈവമായ, അര്‍ണോള്‍ഡിനെ പോലെയൊ! സ്റ്റാലിനേ പോലെയോ ഫിറ്റ്‌ ബോഡിയുള്ള, സ്നേഹിച്ചാല്‍ ചങ്കും പറിചു കൊടുക്കുന്ന! നമ്മുടെ പുരാണത്തിലെ ഏക വ്യക്തി! നമ്മുടെ ഹനുമാന്‍ജീ! തന്നെയാണു നമ്മുടെ ഇപ്പൊഴത്തേ രക്ഷകന്‍ എന്നു ഉറപ്പിച്ച്‌ 'വായുപുത്രാ!, ആജ്ഞനേയാ'!! എന്നേ രക്ഷിക്കണേ എന്നെല്ലാം മനസ്സില്‍ കരുതി, ചെവി തന്ന ബ്രഹ്മാവിനെ പഴിച്‌ ഞാന്‍ വീണ്ടും കിടന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും

ചില്‍! ചില്‍!

ചില്‍! ചില്‍!

ഏന്റെ ഈശ്വരാ! ഈ ശബ്ദം അടുത്ത്‌ വരികയണല്ലോ?ഇപ്പോള്‍ ഈ ശബ്ദം എന്റെ വീടിന്റെ പുറകു വശത്തു നിന്നാണു കേള്‍ക്കുന്നത്‌!!

ചില്‍! ചില്‍!

ചില്‍! ചില്‍!

ഇപ്പോള്‍ എന്റെ വീടിന്റെ സൈഡില്‍ നിന്നാണു കേള്‍ക്കുന്നത്‌!! ഇനി ഏതാനും മീറ്ററുകള്‍ മാത്രം എന്റെ അടുത്തെത്താന്‍. ഞാന്‍ മരിക്കാനായി മാനസീകമായി പ്രിപ്പെയര്‍ ചൈതു!

ഉറക്കെ നിലവിളിച്ചാലോ?

ശബ്ദം പുറത്ത്‌ വരേണ്ടേ!

ഇനി എണീറ്റ്‌ വാതിലില്‍ തട്ടിയാലോ?

കയ്യും കാലും പൊന്തേണ്ടേ!

അങ്ങിനെ ഞാന്‍ ശവാസനത്തില്‍ കിടക്കുകയാണ്‌,ഇപ്പോള്‍ ശബ്ദം ഞാന്‍ കിടക്കുന്ന ഉമ്മറത്തിനു തൊട്ടു താഴെ!!എനിക്കു തോന്നുന്നു നമ്മുടെ ഹനുമാന്‍ജീ ഇമ്മീഡിയറ്റ്‌ ആക്ഷന്‍ എടുത്തു എന്ന്!! നമ്മുടെ ധൈര്യ ബാങ്കിലേക്ക്‌ കുറച്ചു ധൈര്യം എക്സ്പ്രസ്സ്‌ ട്രാന്‍സ്ഫര്‍! അങ്ങിനെ എന്റെ ധൈര്യം വീണ്ടും 'വറ്റികിടക്കുന്ന കിണറ്റില്‍ മഴ പൈത്‌, ഒറു വന്ന് കിണരു നിറയുന്ന പോലെ' ഒരു കാല്‍ ഭാഗം നിറഞ്ഞു. പിന്നെ ഒന്നും ആലോചിക്കാതെ ഞാന്‍ ചാടി എണീറ്റു!! അപ്പോള്‍ കണ്ട കാഴ്ച എന്റെ സങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നതായിരുന്നു!!

ഒരു നായ ചങ്ങല വലിച്ചുകൊണ്ട്‌ കൂളായി നടന്നു പോകുന്നു!!

ഹൃദയഭേദകമായ ഈ കാഴ്ച കണ്ട്‌ ഞാന്‍ മരവിച്ചു നിന്നു!!നമ്മുടെ പപ്പി! ഈ ചാവാലി പട്ടിയോട്‌ കടിപിടി കൂടാന്‍ ഞാന്‍ ഇല്ലെന്ന ഭാവത്തില്‍ എന്നെയും നോക്കി കിടക്കുന്നു!! ഇടക്ക്‌ എനിക്കുവേണ്ടിയെന്നോണം ഭൗ! ഭൗ! എന്നു കുരക്കുന്നുണ്ട്‌ (വളരേ ശ്ബ്ദം താഴ്ത്തി)എനിവേ! ഞാന്‍ ഉടുത്തിരിക്കുന്ന മുണ്ടില്‍ കുറച്ച്‌ നനവ്‌ ഫീല്‍ ചെയ്യുന്നുണ്ടോ എന്നു ഒരു സംശയം!!

ശുഭം....